09:20pm 21 September 2026
NEWS
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം മാറും
20/09/2026  09:12 AM IST
nila
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം മാറും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കാൻ സർക്കാർ നീക്കം. രാവിലെ 11 മുതൽ രാത്രി 11 മണിവരെ എല്ലാ ബാറുകളും പ്രവർത്തിക്കുന്ന രീതിയിൽ സമയക്രമം മാറ്റാനാണ് ആലോചന. വരാനിരിക്കുന്ന പുതിയ മദ്യനയത്തിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടായേക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.

നിലവിൽ വിവിധ വിഭാഗങ്ങളിലുള്ള ബാറുകൾക്ക് ബാധകമായ പ്രവർത്തനസമയത്തിൽ ഏകീകരണം കൊണ്ടുവരാനാണ് സർക്കാർ പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാടിനോട് യു.ഡി.എഫിലെ ഭൂരിപക്ഷം ഘടകകക്ഷികളും അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

പഞ്ചനക്ഷത്ര, അതിന് മുകളിലുള്ള ഹോട്ടലുകൾക്ക് നിലവിലുള്ള പ്രത്യേക ഇളവുകളിലും മാറ്റം വരുത്തിയേക്കും. പ്രതിവർഷം അഞ്ച് ലക്ഷം രൂപ അധിക ഫീസ് അടച്ച് രാത്രി 12 മണിക്ക് ശേഷവും പ്രവർത്തിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ പുനഃപരിശോധിക്കാനാണ് നീക്കം. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഈ ഇളവിൽ മാറ്റം വന്നേക്കുമെന്നാണ് സൂചന.

മദ്യനയത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ഘടകകക്ഷികളുമായും വിശദമായ ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

മദ്യവിൽപ്പനശാലകളുടെ സമയക്രമം, ലൈസൻസ് ഫീസ് തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള പരാതികൾക്കും ആക്ഷേപങ്ങൾക്കും പുതിയ നയത്തിലൂടെ പരിഹാരം കാണാനാണ് ശ്രമം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായ ശേഷമായിരിക്കും പുതിയ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img